ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി എ.എം.ആര്‍. പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. സുജിത് കുമാര്‍, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

പ്രത്യേക കവറിലെ അവബോധ സന്ദേശം

ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· ഡോക്ടറുടെ നിര്‍ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക.
· ഒരു വ്യക്തിക്കായി ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയില്‍ മറ്റുള്ളവര്‍ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക.
· ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെയറിയരുത്.

ആന്റിമൈക്രോബിയല്‍ പ്രതിരോധം എന്ന മഹാവിപത്തിനെ നമുക്ക് ഒന്നിച്ച് നേരിടാം.

അവബോധ പോസ്റ്ററുകള്‍

ഇനി മുതല്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുമ്പിലും ആന്റിബയോട്ടിക് അവബോധത്തെപ്പറ്റി ഏകീകൃത പോസ്റ്റര്‍ പതിപ്പിക്കും.

‘നിയമപരമായ മുന്നറിയിപ്പ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ എച്ച് & എച്ച് 1 മരുന്നുകള്‍ വില്‍പന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക.

ആന്റി മൈക്രോബിയല്‍ പ്രതിരോധം എന്ന മഹാവിപത്ത് ഉയര്‍ന്ന ചികിത്സാ ചിലവുകള്‍ക്കും കൂടുതല്‍ മരണങ്ങള്‍ക്കും ഇടയാക്കും.’ എന്നിവയാകും പോസ്റ്ററില്‍ ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *